28 October 2026

ദീപാവലിക്ക് തീർച്ചയായും പിന്തുടരേണ്ട 5 പാരമ്പര്യങ്ങൾ; വീട്ടിൽ സുഖവും സമൃദ്ധിയും കൈവരും!

Start Chat

ദീപാവലി എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ മനോഹരമായ ഒരു ദൃശ്യം തെളിഞ്ഞു വരുന്നു… സന്ധ്യാസമയം, വീടിന്റെ മുറ്റത്ത് മിന്നിത്തിളങ്ങുന്ന മൺവിളക്കുകൾ, വർണ്ണശബളമായ രംഗോലികൾ, പൂക്കൾ കൊണ്ട് അലങ്കരിച്ച വാതിലുകൾ, പൂജാതട്ടിൽ തെളിയുന്ന ആരതി. ആകാശത്തിലെ നക്ഷത്രലോകം ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെ തോന്നും. ഇത് വെറുമൊരു ആഘോഷത്തിന്റെ കാഴ്ച മാത്രമല്ല, ഓരോ പാരമ്പര്യത്തിലും മനോഹരമായ ഓരോ സന്ദേശം ഒളിഞ്ഞിരിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ അമൂല്യ പൈതൃകത്തിന്റെ പ്രതിഫലനമാണ്.

ശ്രീരാമദേവന്റെ അയോദ്ധ്യാ പ്രവേശനത്തെയും, അധർമ്മത്തിന്മേൽ ധർമ്മത്തിന്റെ വിജയത്തെയും, അന്ധകാരത്തിന്മേൽ വെളിച്ചത്തിന്റെ വിജയത്തെയുമാണ് ദീപാവലി നമ്മെ ഓർമ്മിപ്പിക്കുന്നത്. വീടുകൾ അലങ്കരിക്കുന്നതിനോടൊപ്പം ബന്ധങ്ങളിൽ മധുരം നിറയ്ക്കാനും, മനസ്സിലെ തിന്മകളെ അകറ്റി ജീവിതത്തിൽ പുതിയ പ്രതീക്ഷകളെ സ്വാഗതം ചെയ്യാനുമുള്ള സുവർണ്ണാവസരമാണിത്.

നമ്മുടെ പൂർവ്വികർ ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി പാരമ്പര്യങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭംഗി കൂട്ടുന്നതിനൊപ്പം കുടുംബത്തിൽ മംഗളവും സ്‌നേഹവും സമൃദ്ധിയും നല്ല സംസ്കാരവും വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം. വെളിച്ചത്തോടൊപ്പം പോസിറ്റീവിറ്റിയും ആത്മബന്ധവും കൊണ്ട് നിങ്ങളുടെ വീട് നിറയ്ക്കാൻ സഹായിക്കുന്ന ദീപാവലിയുടെ 5 പ്രധാന പാരമ്പര്യങ്ങളെക്കുറിച്ച് അറിയാം.

 

1. മംഗളകരമായ തുടക്കത്തിനായുള്ള ആദ്യ ഒരുക്കം

ദീപാവലിയുടെ ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുന്നു. വീടിന്റെ ഓരോ കോണും വൃത്തിയാക്കൽ, പഴയ സാധനങ്ങൾ ക്രമീകരിക്കൽ, ചുവരുകൾ അലങ്കരിക്കൽ, പൂജാമുറി മനോഹരമാക്കൽ എന്നിവ ഈ ഉത്സവത്തിന്റെ പ്രധാന പാരമ്പര്യങ്ങളിൽ ഉൾപ്പെടുന്നു.
വൃത്തിയുള്ളതും ക്രമബദ്ധവുമായ വീട്ടിൽ ലക്ഷ്മീദേവി എഴുന്നള്ളുമെന്നാണ് വിശ്വാസം. അതിനാൽ ദീപാവലിക്ക് മുമ്പ് വീട് വൃത്തിയാക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ഈ പാരമ്പര്യം ശുചിത്വത്തോടൊപ്പം നമ്മുടെ മനസ്സും ചിന്തകളും നിർമ്മലമാക്കാനും പ്രചോദനം നൽകുന്നു.
ഈ അവസരത്തിൽ വീടിന്റെ പൂജാമുറി പ്രത്യേകമായി അലങ്കരിക്കുക. ഗണപതി ഭഗവാന്റെയും ലക്ഷ്മീദേവിയുടെയും ഉപാസനാ മൂർത്തികളുടെയും സ്ഥാനം വൃത്തിയാക്കുക. പുതിയ പൂക്കൾ, സുഗന്ധധൂപം, മനോഹരമായ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് പൂജാസ്ഥലം അലങ്കരിക്കുക. പൂർണ്ണ ഉത്സാഹത്തോടും സന്തോഷത്തോടും കൂടി ദീപാവലിയെ സ്വാഗതം ചെയ്യാൻ വീടിന്റെ പ്രധാന വാതിലും ജനലുകളും വൃത്തിയായി സൂക്ഷിക്കുക.

 

2. രംഗോലിയും പുഷ്പതോരണങ്ങളും

ദീപാവലി നാളിൽ വീടിന്റെ പ്രധാന കവാടത്തിൽ വരച്ച രംഗോലി കാണുമ്പോൾ തന്നെ മനസ്സ് സന്തോഷത്താൽ നിറയുന്നു. നിറങ്ങൾ കൊണ്ട് അലങ്കരിച്ച മനോഹരമായ താമര, സ്വസ്തിക്, ദീപങ്ങൾ, പരമ്പരാഗത രൂപങ്ങൾ എന്നിവ വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നു. ഭാരതീയ പാരമ്പര്യത്തിൽ രംഗോലിയെ മംഗളത്തിന്റെയും അതിഥി സത്കാരത്തിന്റെയും പ്രതീകമായാണ് കരുതുന്നത്.
മനോഹരമായ രംഗോലിയും അലങ്കരിച്ച വാതിലും ലക്ഷ്മീദേവിയെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ദീപാവലിക്ക് വീടിന്റെ പ്രധാന കവാടം പ്രത്യേകമായി അലങ്കരിക്കുന്നത്.
അരിപ്പൊടി, പ്രകൃതിദത്ത നിറങ്ങൾ, പൂവിതളുകൾ, മഞ്ഞൾ-കുങ്കുമം എന്നിവ ഉപയോഗിച്ച് ആകർഷകമായ രംഗോലികൾ ഉണ്ടാക്കാം. ഇതിനൊപ്പം മാവിലയോ അശോകത്തിലയോ കൊണ്ടുള്ള തോരണങ്ങൾ തൂക്കുക. ചെണ്ടുമല്ലിയും റോസാപ്പൂക്കളും കൊണ്ടുള്ള മാലകളും വീടിന് പരമ്പരാഗതവും മനോഹരവുമായ രൂപം നൽകുന്നു. രംഗോലി ഇടമ്പോൾ കുട്ടികളെയും കൂടെ കൂട്ടുക. പരമ്പരാഗത രൂപങ്ങൾ ഉണ്ടാക്കാൻ അവരെ പഠിപ്പിക്കുകയും അവയുടെ ആത്മീയ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്യുക.

 

3. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന സങ്കല്പം

ദീപാവലിയുടെ ഏറ്റവും മനോഹരവും വികാരഭരിതവുമായ കാഴ്ച വരിവരിയായി വച്ച മൺവിളക്കുകളാണ്. സന്ധ്യാസമയത്ത് ഓരോ വിളക്കുകളായി തെളിയിക്കുമ്പോൾ, അവയുടെ മൃദുവായ വെളിച്ചം വീടുമുഴുവൻ ദിവ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
ദീപങ്ങൾ തെളിയിക്കുന്ന പാരമ്പര്യം ശ്രീരാമഭഗവാൻ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ ഓർമ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീരാമന്റെയും സീതാദേവിയുടെയും ലക്ഷ്മണന്റെയും ആഗമന സന്തോഷത്തിൽ അയോദ്ധ്യാവാസികൾ നഗരം മുഴുവൻ ദീപങ്ങളാൽ അലങ്കരിച്ചുവെന്നാണ് വിശ്വാസം. അന്നുമുതലാണ് ദീപാവലിക്ക് ദീപങ്ങൾ തെളിയിക്കുന്ന പാരമ്പര്യം പ്രത്യേക ഭക്തിയോടെ നിർവ്വഹിച്ചു വരുന്നത്.
വിളക്കുകൾ വീടിനെ പ്രകാശപൂരിതമാക്കുന്നതോടൊപ്പം നമ്മുടെ ഉള്ളിലെ അജ്ഞാനം, അഹങ്കാരം, അസൂയ, നിഷേധാത്മക ചിന്തകൾ എന്നിവ അകറ്റണമെന്ന സന്ദേശവും നൽകുന്നു. ബൃഹദാരണ്യകോപനിഷത്തിൽ മനോഹരമായ ഒരു പ്രാർത്ഥനയുണ്ട്-

അസതോ മാ സദ്ഗമയ।
തമസോ മാ ജ്യോതിർഗമയ।
മൃത്യോർമാ അമൃതം ഗമയ॥

അർത്ഥം: ഹേ പ്രഭോ! ഞങ്ങളെ അസത്യത്തിൽ നിന്ന് സത്യത്തിലേക്കും, ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും, മരണത്തിൽ നിന്ന് അമരത്വത്തിലേക്കും നയിച്ചാലും.
ഈ ദീപാവലിക്ക് വീടിന്റെ പൂജാമുറി, മുറ്റം, തുളസിത്തറ, പ്രധാന കവാടം എന്നിവിടങ്ങളിൽ മൺവിളക്കുകൾ തെളിയിക്കുക. സാധ്യമെങ്കിൽ പ്രാദേശിക മൺപാത്ര നിർമ്മാതാക്കളിൽ നിന്ന് മൺവിളക്കുകൾ വാങ്ങുക, അത് അവരുടെ ഉപജീവനമാർഗ്ഗത്തിന് സഹായകരമാകും. ദീപം തെളിയിക്കുമ്പോൾ – ഈ ചെറിയ ദീപം അന്ധകാരത്തെ അകറ്റുന്നതുപോലെ, നാമും മറ്റൊരാളുടെ ജീവിതത്തിൽ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുമെന്ന് മനസ്സിൽ സങ്കല്പിക്കുക.

 

4. വീട്ടിൽ സുഖസമ്പുഷ്ടിക്കായുള്ള പ്രാർത്ഥന

ദീപാവലി രാത്രിയിൽ ലക്ഷ്മീദേവിയെയും ഗണപതി ഭഗവാനെയും പൂജിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ലക്ഷ്മീദേവി ധനം, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ അധിഷ്ഠാത്രിയായ ദേവിയാണ്, അതേസമയം ഗണപതി ഭഗവാൻ ബുദ്ധി, വിവേകം, മംഗളം എന്നിവയുടെ പ്രതീകമാണ്. അതിനാൽ ദീപാവലി നാളിൽ ഇരുവരെയും ഒരുമിച്ച് പൂജിക്കുന്ന പാരമ്പര്യമുണ്ട്.
അമാവാസി നാളിലെ പവിത്രമായ രാത്രിയിൽ ശ്രദ്ധയോടെ ലക്ഷ്മീദേവിയെയും ഗണപതിയെയും പൂജിക്കുന്നത് വീട്ടിൽ സുഖവും ശാന്തിയും ഐശ്വര്യവും നൽകുമെന്നാണ് വിശ്വാസം.
പൂജയ്ക്കായി ആദ്യം പൂജാസ്ഥലം വൃത്തിയാക്കുക. പീഠത്തിൽ ചുവപ്പോ മഞ്ഞയോ വസ്ത്രം വിരിച്ച് ഗണപതിയുടെയും ലക്ഷ്മീദേവിയുടെയും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുക. പൂക്കൾ, അക്ഷതം, ചന്ദനം, ധൂപം, ദീപം, നൈവേദ്യം എന്നിവ അർപ്പിക്കുക. ലക്ഷ്മീദേവിക്ക് താമരപ്പൂവും ഗണപതിക്ക് കറുകപ്പുല്ലും അർപ്പിക്കുന്നത് ശുഭകരമായി കരുതപ്പെടുന്നു. അതിനുശേഷം ശ്രീസൂക്തം ജപിക്കുക. ഒടുവിൽ വിധിപ്രകാരം ലക്ഷ്മി-ഗണപതി ആരതി ഉഴിഞ്ഞ് കുടുംബത്തിന്റെ സുഖസമൃദ്ധിക്കായി പ്രാർത്ഥിക്കുക.
പൂജാസമയത്ത് കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരിക്കുക. കുട്ടികളെക്കൊണ്ട് ആരതിയുഴിയിക്കുകയും മന്ത്രങ്ങൾ ജപിപ്പിക്കുകയും ചെയ്യുക. യഥാർത്ഥ സമൃദ്ധിയെന്നാൽ ആരോഗ്യകരമായ കുടുംബം, മധുരമുള്ള ബന്ധങ്ങൾ, സംതൃപ്തി, മറ്റുള്ളവരോടുള്ള കരുണ എന്നിവയാണെന്ന് അവരെ മനസ്സിലാക്കുക.

 

5. സന്തോഷങ്ങൾ എല്ലാവരുമായും പങ്കുവെക്കുക

ദീപാവലിയുടെ മധുരം മധുരപലഹാരങ്ങളിൽ മാത്രമല്ല, നമ്മുടെ സ്‌നേഹവും ആത്മബന്ധവും കൊണ്ട് നമ്മൾ ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങളിലുമുണ്ട്. ഈ ദിവസം എല്ലാവരും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകൾ നേരുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു. പഴയ പിണക്കങ്ങൾ മറന്ന് ബന്ധങ്ങളിൽ പുതിയ മധുരം നിറയ്ക്കാനുള്ള അവസരമാണ് ഈ പാരമ്പര്യം നൽകുന്നത്.
പക്ഷേ ദീപാവലിയുടെ സന്തോഷം നമ്മുടെ വീടുകളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതാണോ? വയറുനിറയെ ആഹാരമില്ലാത്ത ആ കുട്ടിക്കും ഈ ഉത്സവം അത്രതന്നെ ആനന്ദദായകമാകേണ്ടതല്ലേ? ഉത്സവം ആഘോഷിക്കാൻ മാർഗ്ഗമില്ലാത്ത ആ പാവപ്പെട്ട മനുഷ്യന്റെ ജീവിതത്തിലും ദീപാവലിയുടെ വെളിച്ചം എത്തേണ്ടതല്ലേ?
സനാതന സംസ്കാരത്തിൽ ദാനവും സേവനവും ശ്രേഷ്ഠമായ ധർമ്മമായി കരുതപ്പെടുന്നു. അതിനാൽ ദീപാവലിയിൽ നമ്മുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്നതും ഈ ഉത്സവത്തിന്റെ മനോഹരമായ ആശയമാണ്. നിങ്ങൾക്ക് ആവശ്യക്കാരായ കുടുംബങ്ങൾക്ക് ഭക്ഷണവും വസ്ത്രങ്ങളും മധുരപലഹാരങ്ങളും നൽകാം. പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും സാധുക്കളായ ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യാം.
ഈ ദീപാവലിക്ക് ആവശ്യക്കാരനായ ഒരാളുടെ പേരിൽ ഒരു ദീപം തെളിയിക്കുക. വിശക്കുന്നൊരാൾക്ക് ഭക്ഷണം നൽകുക, ഒരു കുട്ടിക്ക് പടക്കം വാങ്ങി നൽകുക, മധുരം നൽകുക, നിരാശ നിറഞ്ഞ ഒരു മുഖത്ത് പുഞ്ചിരി കൊണ്ടുവരാൻ ശ്രമിക്കുക. കാരണം നമ്മുടെ സന്തോഷത്തിൽ മറ്റുള്ളവരുടെ സന്തോഷവും ഉൾപ്പെടുമ്പോഴാണ് ആഘോഷത്തിന്റെ യഥാർത്ഥ ഭംഗി വർദ്ധിക്കുന്നത്.

 

ദീപാവലി പാരമ്പര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ജീവിതസന്ദേശം

ദീപാവലിയുടെ ഈ അഞ്ച് പാരമ്പര്യങ്ങൾ ജീവിതത്തിലെ മനോഹരമായ അഞ്ച് തത്ത്വങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്… ശുചിത്വം, മംഗളം, വെളിച്ചം, ഭക്തി, പരോപകാരം. വീട് വൃത്തിയാക്കുന്നത് മനസ്സിലെ തിന്മകളെ അകറ്റാൻ പ്രചോദനം നൽകുന്നു. രംഗോലിയും തോരണങ്ങളും മംഗളകരമായ ചിന്തകളോടെ ജീവിതത്തെ സ്വാഗതം ചെയ്യാൻ പഠിപ്പിക്കുന്നു. ദീപങ്ങൾ അന്ധകാരത്തിനെതിരെ പോരാടാനുള്ള ധൈര്യം നൽകുന്നു. ലക്ഷ്മി-ഗണപതി പൂജ ഭക്തിയുടെയും വിവേകത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിത്തരുന്നു; മധുരം പങ്കുവെക്കുന്നതും സാധുക്കളെ സഹായിക്കുന്നതും സ്‌നേഹത്തിന്റെയും കരുണയുടെയും യഥാർത്ഥ അർത്ഥം നമ്മെ പഠിപ്പിക്കുന്നു.

ഈ ദീപാവലിക്ക് നിങ്ങളുടെ വീട് ദീപങ്ങളാൽ അലങ്കരിക്കുക, മുറ്റം വർണ്ണങ്ങളാൽ നിറയ്ക്കുക, ഹൃദയം സ്‌നേഹത്താലും സദ്ഭാവനയാലും പ്രകാശപൂരിതമാക്കുക. ശ്രീരാമഭഗവാന്റെ ആദർശങ്ങളെ ഓർക്കുക, ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടുക, നിങ്ങളുടെ കഴിവനുസരിച്ച് ആവശ്യമുള്ള ഒരാളുടെ ജീവിതത്തിലും സന്തോഷത്തിന്റെ വെളിച്ചമെത്തിക്കുക.

ഓർക്കുക, ദീപാവലിയുടെ ഏറ്റവും മനോഹരമായ ദീപം മറ്റൊരാളുടെ മുഖത്ത് പുഞ്ചിരിയായി തിളങ്ങുന്ന ദീപമാണ്! ഈ ദീപാവലിക്ക് സ്വന്തം വീട് മാത്രമല്ല, പാവപ്പെട്ട ഒരാളുടെ ജീവിതവും പ്രകാശപൂരിതമാക്കാൻ സങ്കല്പമെടുക്കുക.

എല്ലാവർക്കും ദീപാവലി ആശംസകൾ!

X
Amount = INR